കാറ്റിനൊപ്പം ഗതിമാറി ഊളിയിട്ടു അടിത്തട്ടിലേക്കു പോകുന്ന മത്സ്യങ്ങളെയും കടലിന്റെ അഗാധമായ സൗന്ദര്യവും ആസ്വദിച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയിലെ നാട്ടുവെളിച്ചം വയോജനവേദി അംഗങ്ങൾ 25-02-2020ന് കപ്പൽ യാത്ര നടത്തി. 2 ബസുകളിലായി എറണാകുളത്തെത്തിയ ഈ 86 പേരടങ്ങുന്ന സംഘം കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ സാഗരറാണി എന്ന ക്രൂയിസ് വെസ്സലിലാണ് തങ്ങൾക്കു അപ്രാപ്യമെന്നു കരുതിയിരുന്ന കപ്പൽ യാത്രയുടെയും മാധുര്യം നുകർന്നത്. മുൻ വർഷങ്ങളിൽ വിമാനയാത്രയും കായൽ യാത്രയും മെട്രോ യാത്രയും ഈ വയോജനങ്ങൾ നടത്തിയിരുന്നു. തുടർന്ന് സുഭാഷ് പാർക്കിലും വിശ്രമിച്ച ശേഷമാണ് തിരിച്ചു പോന്നത്. താലൂക്ക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, നാട്ടുവെളിച്ചം വയോജന വേദി സെക്രട്ടറി എം. കെ. ശശി, പ്രസിഡന്റ് രത്നമ്മ ഗോവിന്ദൻ, ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ, യുവത പ്രെസിഡന്റ് കെ. ബി. ശ്രീജിത്ത്, സുതൻ എന്നിവർ നേതൃത്വം നൽകി.




