Upcoming Event:
  • 00

    days

  • 00

    hours

  • 00

    minutes

  • 00

    seconds

(+91) 484 251 46 45

snclkoduvazhanga@gmail.com

2019 ലേക്കു ഒരു എത്തിനോട്ടം

അങ്ങനെ 2019 വിട ചൊല്ലുകയാണ്.. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെയും അക്ഷരത്താളുകളിൽ ആലേഖനം ചെയ്യാൻ നിരവധി പരിപാടികളോടെയാണ് ഈ വർഷം വിടപറയുന്നത്. ആകസ്മികമായുണ്ടായ പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് പുതുവത്സര പുലരി കടന്നു വന്നത്.
ലൈബ്രറിയുടെ വഴികാട്ടിയായ ഒരു തലമുറയുടെ കൂട്ടായ്മ.. നാട്ടുവെളിച്ചം വയോജനവേദിയുടെ വാർഷികവും അതിലവർ ആലപിച്ച ഈണങ്ങളിലൂടെയുമാണ് ജനുവരിയിൽ പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് വനിതാവേദി വാർഷികവും സൗജന്യ നേത്രചികിത്സ ക്യാമ്പും അവസാനം വയോജന വേദിയുടെ കായൽ സവാരിയും കൊണ്ട് സമ്പുഷ്ടമായിരുന്നു ജനുവരി.
ഫെബ്രുവരിയിലാകട്ടെ കുട്ടികളെയും കൊണ്ട് അക്ഷര ലോകത്തേക്കൊരു യാത്ര നടത്തുകയുണ്ടായി. ഈ ഒരു പരിപാടി മാറ്റിനിർത്തിയാൽ ഫെബ്രുവരി ശുചീകരണത്തിന്റെ മാസമായിരുന്നു. പ്രളയ ജലത്തിന്റെ അവശേഷിപ്പുകളായ പാടുകളും കറകളും പെയിന്റിംഗ് നടത്തി മാറ്റുവാൻ നമുക്ക് സാധിച്ചു.
സമൂഹത്തിനാകെ ഊർജം പകരാൻ ഊർജ്ജ കിരണുമായാണ് മാർച്ച് ആരംഭിക്കുന്നത്. വനിതാ ശാക്തീകരണത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് വനിതാദിനം കടന്നു വന്നു. ആ ദിനത്തിൽ തന്നെ മുൻ വർഷത്തെ പ്രവർത്തനമികവിൽ നമ്മുടെ ലൈബ്രറിക്ക് A+ മധുരം എത്തി.. ഏതൊരു കൊടുവഴങ്ങക്കാരനും അഭിമാനിക്കാം.. താലൂക്കിലെ ആദ്യ 2 A+ ലൈബ്രറികളിൽ ഒന്നായി നമ്മുടെ ഈ വായനപ്പുര.. മാരായിൽ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ചു മൊബൈൽ ഫോട്ടോഗ്രാഫി മത്സരം..
അവധിക്കാലത്തിന്റെ ആഘോഷവുമായി ഏപ്രിൽ കടന്നുവന്നു. കുട്ടികൾക്ക് വേണ്ടി യുവത കൊച്ചുപുര കെട്ടി. ശാസ്ത്ര കൗതുകവും കാരിക്കേച്ചറും ദിനപത്ര നിർമാണവും, ഒറിഗാമി ശില്പശാലയും നാടൻ കളികളുമെല്ലാം കൊച്ചുപുരയിലെ കുട്ടികളെത്തേടിയെത്തി. വിഷുത്തൈനീട്ടമായി ഔഷധ സസ്യ വിതരണം. നാട് തിരഞ്ഞെടുപ്പ് ചൂടിലായതിനാൽ മറ്റു പരിപാടികളൊന്നും ഈ മാസം തിരഞ്ഞെടുത്തില്ല.
മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങി വിജയിച്ച പ്രതിഭകളെയും മറ്റു ഉന്നത ബിരുദങ്ങളും സർക്കാർ ജോലിയും ഒക്കെ കരസ്ഥമാക്കിയ പ്രതിഭകളെയും ആദരിച്ചു കൊണ്ട് മെയ് മാസം കടന്നു വന്നു. നിലവിലെ ബാലവേദി അംഗങ്ങൾ ചുമതല ഏറ്റതും ഈ സമയത്തായിരുന്നു. ബാങ്ക് – സർക്കാർ ജോലിക്കുതകും വിധത്തിൽ ചിന്തനം നടത്തുവാൻ TIME ന്റെ സഹകരണത്തോടെ ഒരു കൂടിയിരിപ്പും നടത്തി. മഴക്കാലം മുന്നിൽ കണ്ടു ബാലവേദി അംഗങ്ങൾ ശുചീകരണത്തിനായി നിരത്തിലിറങ്ങിയതും നാം കണ്ടു.
കാടറിയാൻ ബാലവേദി കൂട്ടുകാർ നടത്തിയ യാത്രയോടെ ജൂൺ ആരംഭിച്ചു. ഇരിങ്ങോൾക്കാവും ഭൂതത്താൻ കെട്ടും കോടനാടും കണ്ട കുട്ടികൾ തങ്ങൾ കണ്ട പരിസ്ഥിതിയെ കൊടുവഴങ്ങയിൽ നിലനിർത്താൻ പരിസ്ഥിതി ദിനാചരണം നടത്തി. ഒപ്പം ലഹരി വിരുദ്ധ സൈക്കിൾ റാലിയും. വായനയുടെ പ്രാധാന്യം വിളിച്ചോതി വായനാദിനം കടന്നു വന്നു. ലൈബ്രറിയിൽ അക്ഷര ജ്വാലകൾ തെളിഞ്ഞു. പുസ്തക പ്രദർശനം നടത്തി. കൊടുവഴങ്ങ SNLP സ്കൂളിലെ വിദ്യാർത്ഥികൾ ഗ്രന്ഥപുരയിൽ അതിഥികളായെത്തി.
U. P തല വായനമത്സരത്തിന്റെ ചോദ്യങ്ങളുമായി ജൂലൈ വന്നു. V. E. O പരീക്ഷക്ക് തയ്യാറെടുക്കാൻ ഉദ്യോഗാർത്ഥികൾ എത്തിത്തുടങ്ങി. ജയദേവൻ മാഷ് പരിചയപ്പെടുത്തിയ ഇന്റർനെറ്റിലെ വിസ്മയങ്ങൾ പാഠ്യമിത്രത്തിന്റെ ഭാഗമായി കുട്ടികൾ കണ്ടു. ചന്ദ്രോത്സവത്തിലൂടെ ചന്ദ്രയാൻ വിസ്മയങ്ങളും കണ്ടു. ബാല കർഷകരാകുവാൻ തയ്യാറായി വിത്തുകൾ ഏറ്റുവാങ്ങി.ഗ്രഡേഷൻ കമ്മറ്റിയുടെ പരിശോധനയും വായനാസർവേയും ഒക്കെ കൊണ്ട് വളരെ തിരക്കേറിയ ഒരു മാസമായിരുന്നു ഇത്.
കർക്കിടകത്തിന്റെ കഷ്ടതകളെ വയോജനങ്ങൾ കഞ്ഞി വിതരണം നടത്തി വരവേറ്റു. മുൻ വർഷത്തെ പ്രളയത്തിന്റെ ഭീകര സ്മരണകൾ ഉയർത്തി മറ്റൊരു മഴക്കാലം കൂടി കടന്നു വന്നു. വിജനമായ കൊടുവഴങ്ങായും വെള്ളത്തിൽ മുങ്ങിയ റോഡുകളും മറ്റൊരു ഭീതിതമായ അവസ്ഥ സൃഷ്ടിച്ചു. ഇതിനിടയിൽ സ്വാതന്ത്ര ദിനവും കടന്നുവന്നു. വെള്ളക്കെട്ട് ഭീതിയിലായ കൊടുവഴങ്ങ നിവാസികൾ ഒത്തുചേർന്നു.. തങ്ങളൊന്നായി നേരിടും എന്ന് പ്രഖ്യാപിക്കാൻ. അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ. പിന്നീട് നെട്ടോട്ടമായിരുന്നു.. പ്രളയം തകർത്ത മലബാറിന് ഒരു കൈത്താങ്ങാകുവാൻ. കൊടുവഴങ്ങായുടെ സുമനസ്സുകളുടെ സഹായമായി ഒരുലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങളുമായി നിലമ്പൂരിലേക്ക്. പ്രളയം മൂലം മാറ്റിവച്ച ലൈബ്രറിയുടെ വാർഷിക പൊതുയോഗവും ഈ മാസം അവസാനത്തോടെ നടക്കുകയുണ്ടായി.
ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ പ്രൗഢ ഗംഭീരമായ വാർഷികാഘോഷങ്ങൾ.. ഭരതം -2019 മായി സെപ്തംബർ വന്നു. നമ്മെ നേർവഴി കാട്ടി നയിച്ച ഗുരുക്കന്മാരെ.. അദ്ധ്യാപകരെ വന്ദിച്ചുകൊണ്ട് തുടങ്ങി.. സാഹിത്യ പ്രതിഭകളെ കണ്ടെത്തുവാനും സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനും മത്സരങ്ങൾ.. ഉത്രാട ദിനത്തിൽ വീട്ടുമുറ്റങ്ങളിൽ വർണാഭമായ പൂക്കളങ്ങൾ.. കഴിഞ്ഞ വർഷം നാം നേരിട്ട പ്രളയത്തിന്റെ നേർകാഴ്ച ഒരുക്കി പി. ജി. സംജിത്തിന്റെ ഫോട്ടോപ്രദർശനം.. കലാകായിക മത്സരങ്ങളും, ഗ്രന്ഥശാല ദിനത്തിൽ തെളിഞ്ഞ 75 അക്ഷര ദീപങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും.. വാശിയോടെ യുവതയുടെ ക്യാരംസ് മാമാങ്കവും ഡോക്യൂമെന്ററി നിർമ്മാണവും.. സാംസ്കാരിക സമ്മേളനത്തോടും കലാ പരിപാടികളോടും കൂടി സമാപിക്കും മുൻപേ ‘ശരത്തിന്റെ കിറുക്ക്‌ പുസ്തകത്തിലൂടെ’ പ്രസാധക രംഗത്തേക്ക് ഈ ഗ്രന്ഥശാലയുടെ ആദ്യ ചുവടുവയ്പ്പ്.. ഇതിനിടയിൽ കടന്നുവന്ന താലൂക്ക് ബാലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾ..
വയോജന ദിനാചരണത്തോടെ ഒക്ടോബർ തുടങ്ങി. സേവനദിനത്തിൽ ശുചീകരണം.. എല്ലാരും പാടിക്കൊണ്ട് വയലാർ ദിനത്തിൽ വയലാർ അനുസ്മരണം.
കേരള പിറവിയിൽ നവംബർ എത്തി. തലസ്ഥാന നഗരിയിൽ വച്ച് നടന്ന ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ A+ ലൈബ്രറി എന്നനിലയിൽ പങ്കാളിത്തം.. വയോജനങ്ങൾക്ക് ആശ്വാസമായി പെൻഷൻ മാസ്റ്ററിങ് ക്യാമ്പ്.. പാചക പരിശീലനത്തിനായുള്ള കൂടിയിരുപ്പുകൾ..
കൊടുവഴങ്ങായുടെ ജലസമൃദ്ധിയായ പഴംത്തോടിന്റെ നവീകരണത്തിലെ അപാകതകൾ ചൂണ്ടിക്കാണിക്കാനും നിർദ്ദേശങ്ങൾ മുൻപോട്ടു വെക്കാനും ശ്രദ്ധ ചെലുത്താൻ സായാഹ്നത്തിലും ഒത്തുകൂടിയ നൂറുകണക്കിന് ജനങ്ങളെ സാക്ഷിയാക്കി വർഷാന്ത്യം ഡിസംബർ വന്നു. കുടയും ബൊക്കെകളും ഒക്കെ നിർമ്മിച്ച് വനിതകൾ.. സ്വയം തൊഴിലിനുള്ള പരിശീലനം.. ശതാബ്‌ദി സ്മരണകൾ ചർച്ചയായി ചിന്താവിഷ്ടയായ സീതയും.. ഭരണഘടനയുടെ പ്രസക്തി വിളിച്ചോതി ആലങ്ങാട് നേതൃ സമിതിയുടെ സെമിനാർ കോട്ടപ്പുറത്ത്.. ലഹരിക്കൊരു കരുതലായി അവബോധനക്ലാസ്സും ജാഗ്രതയുള്ള രക്ഷിതാക്കളും.. രുചിയേറും വിഭവങ്ങളുമായി പാചക പരിശീലനം.. വലയ സൂര്യഗ്രഹണ പഠനവും സൗര കണ്ണട നിർമ്മാണവുമായി ഭൗതിക കൗതുകം.. ദേശീയ കർഷക ദിനത്തിൽ വിത്തെറിഞ്ഞു ജൈവ കൃഷി.. വലയ സൂര്യഗ്രഹണത്തെ വരവേറ്റു ഗ്രഹണ കാഴ്ച..പുതുവർഷത്തെ വരവേൽക്കാൻ ആഘോഷവുമായി വിവിധ സബ് കമ്മറ്റികൾ..
ഇതോടൊപ്പം അബാക്കസ് ട്രെയിനിങ്ങും, ചിത്രരചന പരിശീലനവും പി. എസ്. സി പരിശീലനവുമായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ക്ലാസ്സുകൾ..ഈ 12 മാസക്കാലയളവിൽ.. 52 ആഴ്ചകളിലായി 55 പരിപാടികൾ.. ഈ-വിജ്ഞാനം പകരാൻ സൗജന്യ ഇന്റർനെറ്റും WiFi യും… ദൈനംദിന വാർത്തകൾ പ്രഭാതങ്ങൾക്ക് കൂട്ടിനെത്തുന്ന, ഉറക്കം വിട്ടുണർന്ന തലച്ചോറിൻറെ പ്രാതലായുള്ള 8 ദിനപത്രങ്ങൾ.. അതോടൊപ്പം 28 ആനുകാലികങ്ങളും..
സപ്തതിയുടെ പടികൾ കടന്നും ഈ അക്ഷര മുത്തശ്ശി പറക്കുകയാണ്.. ബാലവേദി, യുവത, വനിതാവേദി, വയോജനവേദി എന്നീ ചിറകുകളാൽ.. ഗ്രന്ഥശാലയെയും സാംസ്‌കാരികതയേയും നെഞ്ചേറ്റുന്ന കൊടുവഴങ്ങായുടെ സ്നേഹത്തോടൊപ്പം… സാമ്പത്തികമായും സാന്നിദ്ധ്യമായും നമ്മെ തുണച്ചവർ.. അതോടൊപ്പം നേർവഴി കാട്ടി ഗ്രന്ഥശാല നേതൃത്വവും താലൂക്ക് ലൈബ്രറി കൗൺസിലും.. ഏവർക്കും അക്ഷരത്താളുകളിൽ അലംകൃതമായ ഒരായിരം പുതുവത്സര ആശംസകൾ..

Team SNCL
ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി, കൊടുവഴങ്ങ

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>