ലോഹക്കുഴലിലേക്കു നീ
നിറച്ച ചിന്തകളായിരുന്നു
എൻറെയാത്മാവ്..
നിന്റെ വിരലുകൾക്കിടയിൽ സ്ഥിരതയില്ലാതെ ഓടിയലയുമ്പോൾ,
വെട്ടിത്തിരുത്തലിന്റെ
കാടുകൾക്കിടയിൽ
സമ്മതമില്ലാതെ ഭോഗിക്കപ്പെടുന്ന
കടലാസിന്റെ
വേദന ഞാന്‍
കണ്ടില്ലെന്നു നടിച്ചു..
മൂർച്ചയുള്ള
എന്റെ നാവിൻതുമ്പിലൂടെ
നിന്റെ ബുദ്ധിയുടെ രേതസ്സും,
വിർജ്ജ്യവും
മാറിമാറിയൊഴുകിവീണു..
വിയർപ്പടിഞ്ഞ കീശയിലെ ദാരിദ്ര്യത്തിലും
ഇരുളുറങ്ങാത്ത ഇത്തിരിവെട്ടത്തിന്റെ മേശവക്കിലും
ഞാന്‍ കൂട്ടുനിന്നു..
വാക്കുപിഴകളുടെ
ദ്വേഷനിമിഷങ്ങളിൽ
നിന്റെ കൈക്കരുത്തെന്നെ
മേശപ്പുറത്തേക്കാഞ്ഞുകുത്തിയരിശമടക്കി..
നിന്റെ വിരസതകളുടെ
കർണ്ണകാഷ്ഠം
എന്നോടുചേർന്നു പുറത്തണഞ്ഞു…
നിന്റെ താളുകളുടെ ശൂന്യസാമ്രാജ്യങ്ങളിൽ
എന്റെ നീലഗർഭജലത്തിൽ നിന്നുയിർത്ത അക്ഷരക്കുഞ്ഞുങ്ങൾ
അശ്വമേധം നടത്തി…
ഒടുവിലിപ്പോൾ…,
ആത്മാവു വറ്റിയൊരെന്റെ
ജഡത്തെ
ചവിട്ടിയമർത്തിയൊടിച്ചു
നീ നടക്കുന്നു..
വിരൽതുമ്പിന്റെ
മഷിയില്ലായ്മയിൽ
നിന്ന്
അക്ഷരങ്ങൾ
വിടർത്തുന്നൊരു
വിദ്യുത്ചതുരവുമേന്തി…
– ശരത് എം. നായർ